This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

ക്രേസി യുദ്ധം

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

ക്രേസി യുദ്ധം

Battle of Crecy (1346)

ബ്രിട്ടീഷ് ചരിത്രത്തിലെ 'നൂറ്റാണ്ടു യുദ്ധ'ത്തില്‍ കരയില്‍ നടന്ന ഒരു പ്രധാന യുദ്ധം. പടച്ചട്ടയണിഞ്ഞ കുതിരപ്പടയാളികളുടെ മേല്‍ ദൂരത്തേക്ക് അമ്പെയ്യുന്ന സൈനികര്‍ നേടിയ വിജയമായിരുന്നു ക്രേസി യുദ്ധത്തിന്റെ സവിശേഷത. തന്നിമിത്തം പടച്ചട്ടയും മധ്യകാലങ്ങളിലെ ദീര്‍ഘകാല സൈനിക പരിശീലനവും ഉപയോഗശൂന്യമായി. മധ്യകാല ഫ്യൂഡലിസത്തിന്റെ തകര്‍ച്ചയ്ക്കുള്ള കാരണങ്ങളില്‍ ഒന്ന് ഇതായിരുന്നു.

ഇംഗ്ലണ്ടിലെ രാജാവായ എഡ്വേഡ് III-ന്റെയും ബ്ലാക് പ്രിന്‍സിന്റെയും നേതൃത്വത്തിലുള്ള ചെറിയൊരു സൈന്യം ഫ്രാന്‍സിലെ രാജാവായ ഫിലിപ്പ് VI -ന്റെ കീഴിലുള്ള വമ്പിച്ചൊരു സൈന്യവുമായി നോര്‍മന്‍ഡിയിലെ ക്രേസിയില്‍ ഏറ്റുമുട്ടി (1346 ആഗ. 26). പടച്ചട്ട ഉപേക്ഷിച്ചുകൊണ്ട് ഒരു കുന്നിന്റെ മുകളില്‍ നിലയുറപ്പിച്ചാണ് ബ്രിട്ടീഷ് സൈനികര്‍ ശത്രുവിനെ നേരിട്ടത്. ഫ്രഞ്ചുസൈന്യം അണിയണിയായി മുന്നോട്ടു നീങ്ങിയപ്പോള്‍ ദൂരത്തേക്ക് അമ്പെയ്യാന്‍ പരിശീലനം സിദ്ധിച്ച ബ്രിട്ടീഷ് സൈനികര്‍ ആക്രമിച്ച് അവര്‍ക്കിടയില്‍ വളരെയേറെ ആള്‍നാശം വരുത്തി. മുകളിലേക്കു കുതിച്ച പടച്ചട്ടയണിഞ്ഞ ഫ്രഞ്ചു കുതിരപ്പടയാളികള്‍ക്ക് ബ്രിട്ടീഷുകാര്‍ കുഴിച്ചിരുന്ന കുഴികളില്‍ വീണു പരിക്കുപറ്റി. യുദ്ധത്തിനു കുറച്ചുമുമ്പ് പെയ്ത മഴ കാരണം മുകളിലേക്കു കയറ്റം കൂടുതല്‍ ബുദ്ധിമുട്ടാവുകയും ചെയ്തു. ഫ്രഞ്ചു സൈന്യം ബ്രിട്ടീഷ് സൈന്യത്തിന്റെ ഇരട്ടിയിലധികം ഉണ്ടായിരുന്നുവെങ്കിലും അവര്‍ യുദ്ധത്തില്‍ പരാജിതരായി.

യുദ്ധത്തില്‍ ഫിലിപ്പ് രാജാവ്, 6000-ത്തോളം വരുന്ന ജിനോവയിലെ 'ക്രോസ്-ബോ' പടയാളികളെ യുദ്ധത്തിനിറക്കിയെങ്കിലും ദീര്‍ഘദൂരത്തേക്ക് അമ്പെയ്യുന്ന ബ്രിട്ടീഷ് സൈനികരില്‍നിന്ന് അവര്‍ക്കും രക്ഷ കിട്ടിയില്ല. ബ്രിട്ടീഷുകാര്‍ ആദ്യമായി ഉപയോഗിക്കാന്‍ തുടങ്ങിയ പീരങ്കിവെടി കുതിരകളെ വെകിളി പിടിപ്പിച്ചത് യുദ്ധത്തിന്റെ ഫലം നിശ്ചയിക്കുന്നതില്‍ ഒരു പ്രധാന പങ്കുവഹിച്ചു. ഫ്രഞ്ചു പക്ഷത്തുനിന്ന് 1500-ഓളം പ്രമാണികളും ധാരാളം സാധാരണ പടയാളികളും വധിക്കപ്പെട്ടപ്പോള്‍, ബ്രിട്ടീഷ് പക്ഷത്തുനിന്നും ഏകദേശം അന്‍പതോളം പേര്‍ മാത്രമേ വധിക്കപ്പെട്ടുള്ളൂ. മധ്യകാലങ്ങളിലെ സൈനികശക്തികളിലൊന്നായി ബ്രിട്ടന്‍ ഉയര്‍ന്നത് ഈ യുദ്ധത്തോടു കൂടിയാണ്.

(ഡോ. എ.പി. ഇബ്രാഹിംകുഞ്ഞ്)

താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍